Sunday, 5 April 2015

"CYBER THESIS" - A Short Film Script


                                          ***      'സൈബര്‍ തീസിസ്”   ***

                                                                        (ഷോര്‍ട്ട്  ഫിലിം  സ്ക്രിപ്റ്റ് )

                                                                                                By  അനില്‍ രാജ്  അന്നമനട

വിനോദ് - നഗരത്തിലെ അത്ര തിരക്കില്ലാത്ത ഒരു ജംഗ്ഷനില്‍ ഏതാനും സുഹൃത്തുക്കളുമായി പാര്ട്ടണര്ഷിപ്‌ കൂടി ഒരു  മൊബൈല്‍ ഫോണ്‍ സെയില്സ്‍ & സരവീസ്  ഷോപ്പ്  നടത്തുന്ന ഏകദേശം 25 വയസ്സുള്ള സുമുഖനായ ഒരു ചെറുപ്പക്കാരന്‍.. എഞ്ചിനീയറിംഗ് കോഴ്സ് ഏകദേശം പൂര്തിയാക്കിയെങ്കിലും ഏതാനും പേപ്പേഴ്സ് സപ്ലി ആയി ബാക്കി കിടക്കുന്നതിനാല്‍ അതൊക്കെ ഒന്ന് കഴിച്ചിലാക്കുന്നതു വരെ കടയും സുഹൃത്തുക്കളുമൊക്കെയായി ഏകദേശം ഒന്ന് രണ്ടു വര്ഷം മുന്നോട്ട് പോകാം എന്ന് കരുതുന്ന ഒരു സ്മാര്ട്ട് പയ്യന്‍സ്.

അന്ന് ഒരു ഞായറാഴ്ച്ച - ഈസ്റ്റര്‍ ദിവസം  - ആയിരുന്നു. വൈകീട്ട് വിനോദിന്റെ സുഹൃത്തുക്കളായ കൊച്ചിന്‍ ബടീസ് എല്ലാവരും കൂടെ മറൈന്‍ ഡ്രൈവില്‍ ഒത്തു കൂടാം എന്നാണ് പറഞ്ഞിരിക്കുന്നത്. തൃശൂരില്‍ നിന്ന്ന് രണ്ടു മൂന്ന് ഗെടീസും എത്താമെന്ന് പറഞ്ഞിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജിലെ ടെക്കീസ് തന്നെ ആണ്. അവര്‍ എത്തുമ്പോള്‍ ഏകദേശം നാല് മണി ആകും.  അവരുടെ സ്വിഫ്റ്റ് ചാലക്കുടി എത്താറായാതേ ഉള്ളു എന്ന് അറിയിപ്പ് കിട്ടി..  അപ്പോള്‍ ഇനിയും സമയം ഉണ്ട്..

വിനോദ് ഏതാനും ഫോട്ടോസും സ്റ്റാറ്റസുമൊക്കെ ലൈക്‌ അടിച്ചും ഷെയര്‍ ചെയ്തും കമന്റ്‌ ഇട്ടും കുറച്ചു സമയം തള്ളി നീക്കി.  ഓണ്‍ലൈനില്‍ തല്കാലം വനിതാ സാന്നിധ്യം ഒന്നും തന്നെ കാണുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ കുറച്ചു നേരം ചാറ്റി അങ്ങനേം അല്പം സമയം തള്ളിനീക്കാമായിരുന്നു.. ബട്ട്‌ നോ ഹണീസ് ഓണ്‍ലൈന്‍. എന്തിനു പറയുന്നു, ഇഷ്ടനു ബോറടിക്കാന്‍ തുടങ്ങി.

അപ്പോഴാണ്‌ ഒന്ന് രണ്ടു ദിവസം മുന്പ്  കടയുടെ അടുത്ത് വഴിയില്‍ കിടന്നു ഏതോ ഒരു മൊബൈല്‍ നമ്പര്‍ എഴുതിയ ഒരു തുണ്ട് കടലാസ്സു കിട്ടിയതിനെപറ്റി വിനോദ് ആലോചിച്ചത്.. ഏതോ ഒരു മൊബൈല്‍ നമ്പറും പിന്നെ IDEA 100/- എന്നുമാണ് ആ കടലാസില്‍ എഴുതിയിരുന്നത്. തന്റെ കടയില്‍ ടോപ്‌ അപ്പ്‌ -റീ ചാര്ജ്  കൂപ്പണ്‍ മാത്രമേ ഉള്ളു – ഫ്ലെക്സി / ഈസി  റീ ചാര്ജ് പരിപാടികള്‍ ഒന്നും ഇല്ല.  മറ്റേതെങ്കിലും കടയില്‍ ആരോ നൂറു രൂപ ഫ്ലെക്സിക്കുവേണ്ടി എഴുതിക്കൊടുത്തതോ കൊടുക്കാന്‍ ഉദ്ദേശിച്ചതോ ആയിരിക്കാം. പിന്നെ എങ്ങനെയോ വഴിയില്‍ വീണു പോയി കാണും.

വിനോദ് ആ നമ്പരിലേക്ക് ചുമ്മാ ഒന്ന് വിളിച്ചു നോക്കാന്‍ തീരുമാനിച്ചു... ട്രൂ  കോളറില്‍  പേര്  കിട്ടുന്നില്ല..

പണ്ടേതോ  ബംഗാളി  ഭായിയോ മറ്റോ റിപയര്‍  ചെയ്യാന്‍ തന്നിട്ട് തിരിച്ചു  വാങ്ങാതെ പോയ സിം  ഉള്ള ഒരു  ഫോണ്‍ വിനോദ് എവിടെയോ  മാറ്റി  വെച്ചിരിന്നു.. തല്കാലം അത്  കണ്ടു  പിടിച്ചു  അതില്‍  നിന്ന്  ഡയല്‍  ചെയ്യാം..    കുറച്ചു നേരം ബോറടി മാറിക്കിട്ടും. അപ്പുറത്ത് പുരുഷ സ്വരം ആണെങ്ങില്‍ “രമേശ്‌ അല്ലെ?” എന്ന് ചോദിച്ചു അല്ല എന്ന് ആണ്  മറുപടി കിട്ടുന്നതെങ്കില്‍ ‘സോറി റോങ്ങ്‌ നമ്പര്‍’ എന്ന് പറഞ്ഞു കട്ട് ചെയ്യണം. സ്ത്രീ ശബ്ദം ആണെങ്കില്‍ അപ്പോഴത്തെ സന്ദര്ഭം   പോലെ  വര്ത്തമാനം  പറയുകയോ  പരിചയപ്പെടാന്‍ ശ്രമിക്കുകയോ  അല്ലെങ്കില്‍  കട്ട്   ചെയ്യുകയോ  ചെയ്യാം.

ഷെല്ഫില്‍  നിന്നും ഉടമസ്ഥന്  ആവശ്യമില്ലാത്ത ആക്റ്റീവ് ആയ സിം അടക്കമുള്ള ആ പഴയ  ഭായി-ഫോണ്‍ വിനോദ്  കണ്ടു  പിടിച്ചു.   പാണ്ടി  നിറമുള്ള ആ  മൊബൈല്‍ എടുത്തു കടലാസ് തുണ്ടില്‍ കണ്ട പത്തു അക്കം പതുക്കെ പതുക്കെ കുത്തി വിനോദ് കാത്തിരുന്നു...



ചെറിയ ടെന്ഷന്‍ ഇല്ലാതില്ല. കട്ട് ചെയ്യണോ..? വേണ്ട.. എന്തായാലും ഇനി പുറകൊട്ടില്ല..

“എന്തിനെന്നെ വിളിച്ചു നീ വീണ്ടും..” എന്ന യേശുദാസിന്റെ മനോഹരമായ ആ പഴയ ഗാനം ആയിരുന്നു അങ്ങേ തലക്കല്‍ ഡയലര്‍ ടോണ്‍.  ടെന്ഷനിടയില്‍ ആ പാട്ട് വിനോദിന് അല്പം ആശ്വാസം നല്കി. വിനോദ് കുറച്ചു നേരം അത് ആസ്വദിച്ചു.


പാട്ട് നിന്നു.

"ഹെലോ.."   ഒരു സ്ത്രീയുടെ ശബ്ദം... ശബ്ദം കേട്ടാല്‍ അറിയാം ചെറുപ്പക്കാരിയാണ്...

പെട്ടന്ന് അയാള്‍ക്ക്‌ എന്ത് പറയണം എന്ന് കിട്ടിയില്ല.  എന്നാലും വിനോദ്  വെറുത ഒരു നമ്പര്‍ ഇട്ടു.

"അനിത എന്ന് അല്ലെ പേര് ..?  "  അല്ല എന്ന ഉത്തരം ലഭിക്കുമ്പോള്‍ "സോറി, റോങ്ങ്‌ നമ്പര്‍ " എന്ന് പറഞ്ഞു കട്ട് ചെയ്യാം.. പിന്നീട് എപ്പോഴെങ്കിലും വെറുതെ ഒന്ന് കൂടി വിളിച്ചു നോക്കി സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ കൊച്ചു വര്‍ത്തമാനം പറയുകേം ചെയ്യാം. ഇനി അത് സാധിച്ചില്ലെങ്കില്‍  തന്നെ  ചുമ്മാ ഒരു മെസ്സേജ് എങ്കിലും വിട്ടു നോക്കാല്ലോ...

"അതേ.. ആരാ വിളിക്കുന്നെ?"

അയാളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള അവളുടെ മറുപടി. താന്‍  ചുമ്മാ നമ്പര്‍ ഇട്ട   “അനിത”  എന്ന്  തന്നെയാണത്രേ  ആ സ്ത്രീയുടെ  പേര്...

വിനോദ് പെട്ടന്ന് ഒന്ന് പകച്ചു പോയി.

എങ്കിലും ഒരു കണക്കിന് മനസ്സാന്നിധ്യം വിടാതെ പറഞ്ഞു -

"എന്‍റെ പേര്  അജീഷ്. “

“ഒരു ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു  എന്റെേ ഒരു സുഹൃത്ത്‌ ആണ് അനിതയുടെ നമ്പര്‍ തന്നത്.."

" ഓ...ഐ സീ..  അജീഷിന്റെ സ്ഥലം എവിടെയാ?"

‘എന്താ മറുപടി പറയാ?.. ’ വിനോദ് കുറച്ചു നേരം ആലോചിച്ചു..

"അനിതയുടെ വീടിന്റെ ഒരു 7 കിലോമീറ്റര്‍ തെക്ക് മാറിയാണ് " വിനോദ് ഒരു ചെറിയ തുറുപ്പ് ഇറക്കി..

“അതിനു അജീഷിനെങ്ങനെ എന്റെര വീട് കൃത്യമായി അറിയാം... ബയോഡാറ്റയില്‍ ജില്ല എറണാകുളം  എന്ന് മാത്രമേ കൊടുത്തിരുന്നുള്ളുവല്ലോ....?”
“അതൊക്കെ ഞാന്‍ കണ്ടു പിടിച്ചു. അനിതയ്ക്ക് എന്റെ സ്ഥലം പിടി കിട്ടിയോ...?”

"7 കിലോമീറ്റര്‍  എന്നൊക്കെ പറഞ്ഞാല്‍...  ഓ അത് ശെരി .. അപ്പൊ ആലുവാക്കാരന്‍ ആണല്ലേ...?

‘സംഗതി ക്ലിക്ക് ആയി’. വിനോദ് മനസ്സില്‍ കരുതി - 'അപ്പോള്‍ അവളുടെ വീട്  ആലുവയ്ക്ക്‌  ഏതാണ്ട് 7 കിലോമീറ്റര്‍ വടക്ക് ആയി വരും . അങ്കമാലിക്ക് തെക്ക് ആവാന്‍ ആണ് സാധ്യത. വല്ല നെടുംബാശേരിയോ അത്താണിയോ മറ്റോ ആയിരിക്കും.'

അജീഷ് എന്ന ഫെയ്ക്കന്‍ വിനോദിന് തന്റെ  നമ്പര്‍ ഏറ്റതില്‍ വളരെ അഭിമാനം തോന്നി...

"യു ആര്‍ കറക്റ്റ് അനിതാ...."

" ഓ റിയലി..?  ആലുവയില്‍  പ്രോപര്‍ എവിടെയാ?"

ആലുവയുടെ തൊട്ടടുത്തുള്ള ലോക്കല്‍ സ്ഥലങ്ങള്‍ അജീഷിനു അത്ര  പിടി ഇല്ല. എങ്കിലും ഭാഗ്യത്തിന്  ഏതാനും സെക്കന്ഡിനുള്ളില്‍ തന്നെ ആലുവയിലെ പ്രശസ്തമായ ഒരു കോളേജിന്റെ പേര്  കക്ഷിക്ക് ഓര്മ വന്നു.

"ഞാന്‍ യൂസീ കോളേജിനു അടുത്താ താമസിക്കുന്നെ." വിനോദ് വെച്ചു കാച്ചി ..

"ആണോ...?”

“ഞാന്‍ യൂസിയിലാ ഡിഗ്രിക്ക് പഠിച്ചത് .  ബയോ ഡാറ്റയില്‍  ഡിഗ്രീ ചെയ്തത് എവിടെയാണ് എന്ന് വെച്ചിരുന്നില്ല. അജീഷ് കോളേജിന്റെ എവിടെയായിട്ടാണ് താമസിക്കുന്നത്.?"

പടച്ചോനേ പണി പാളി... അയാളുടെ മനസ്സില്‍ ഗൂഗിള്‍ എര്ത്തും  മാപ്പുമൊക്കെ തെളിഞ്ഞു. എന്തായാലും പെട്ടന്നു എന്തെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.. അവിടത്തെ സ്ഥലങ്ങളും  വഴികളും  ലാന്‍റ് മാര്ക്കുകളും  ഒന്നും അറിയില്ല... അതിനാല്‍ തല്ക്കാലം വിഷയം അല്പം മാറ്റാന്‍ ഒരു ചോദ്യം അങ്ങോട്ട്‌ തിരിച്ചു ചോദിക്കാം..അപ്പോഴേക്കും സ്ഥലങ്ങലും  യൂസീ കോളജിന്റെ പരിസരങ്ങളും അടുത്തുള്ള  വഴികളും തപ്പി പിടിക്കാമല്ലോ..

"അത് കൊള്ളാല്ലോ.. അനിത ഏതു വര്ഷം ആണ് പാസ്‌ ഔട്ട്‌ ആയതു? എന്തായിരുന്നു സബ്ജെക്റ്റ് ?"

"സൈക്കോളജി. 2007 ബാച്ച് ആണ്. 2010- ല്‍ പാസ്സായി. "

"ഓ സൈക്കോളജിയോ... ആളു കൊള്ളാല്ലോ. അത് കഴിഞ്ഞു എന്ത് ചെയ്തു? പീജിക്ക് പോയോ? "

"ഉവ്വ്. തിരുവനന്തപുരത്തായിരുന്നു.. ഇപ്പോള്‍ Ph.D ക്ക് രജിസ്റ്റര്‍ ചെയ്തു റിസര്‍ച്ച്  ചെയ്യുകയാണ്. "

ആളു മിടുക്കിയാണല്ലോ.. വിനോദ് മനസ്സില്‍ ആലോചിച്ചു. കൂടുതല്‍ അറിയാന്‍ താല്പര്യം ആയി.

"അതെന്താ തിരുവനന്തപുരത്ത് പോയത്?”

"ഉദ്ദേശിച്ച വിഷയത്തില്‍ പീജിയും റിസേര്ച്ചും ചെയ്യാന്‍ നല്ലത് തിരുവനന്തപുരം ആണെന്ന് തോന്നി. എന്‍റെ ചേട്ടന്‍ അവിടെ ഫാമിലി ആയി താമസിക്കുന്നു. ചേട്ടന്‍ എന്നോട് സിവില്‍ സര്‍വീസിനും ട്രൈ ചെയ്യാന്‍ പറയുന്നു... ഞാന്‍ അവരുടെ കൂടെയാണ് ഇപ്പോള്‍ മിക്കവാറും താമസിക്കാറുള്ളത്. "

 "ദാറ്റ്‌സ്‌ ഗ്രേറ്റ്‌... എന്ത് ആണ് അനിതയുടെ   റിസര്‍ച്ച് ടോപ്പിക്ക്..? എങ്ങനെയൊക്കെ ആണ് നിങ്ങള്‍ റിസേര്ച് ചെയ്യുന്നത്..?"

"ഞാന്‍  ‘ക്രിമിനല്‍  സൈക്കോളജി വിത്ത്‌ സ്പെഷ്യല്‍ റഫറന്‍സ്  ടു ടെലെഫോണിക്  സൈബര്‍ ക്രൈംസ് ’ എന്ന വിഷയം ആണ് എടുത്തിരിക്കുന്നത്.  ഇവിടെ ചേട്ടന്‍  സൈബര്‍ സെല്ലില്‍   ഇന്‍വെസ്റ്റിഗേഷന്‍  ഓഫീസര്‍ ആയത്  ഈ വിഷയം തിരഞ്ഞെടുക്കാന്‍ എനിക്ക് പ്രേരണ ആയി.. ചേട്ടന്‍ സഹായിക്കാറുണ്ട്. "

വിനോദിന് എന്തോ ഒരുമാതിരിയൊക്കെ പോലെ തോന്നി... ഫോണ്‍ പെട്ടന്ന് കട്ട് ചെയ്താലോ...? ഹേയ്, അത് വേണ്ട... മോശം...

വിനോദ് മൂളി.. “ഉം... സൌണ്ട്സ് ഇന്‍ട്രസ്റ്റിംഗ് ..”

"പരിചയമില്ലാത്ത നമ്പറില്‍ നിന്നും എനിക്ക് വരുന്ന കോളുകളൊക്കെ പ്രൊജക്റ്റ്‌  തീസിസിനുള്ള റിയല്‍-ലൈഫ്  എക്സ്പെരിമെന്ടല്‍  സാംപിള്‍സ് ആയി സൂക്ഷിക്കാന്‍ ഉള്ള ടെക്നിക്കല്‍ സൂത്രപ്പണികളൊക്കെ കക്ഷി ആണ് ചെയ്തു തരാറു.  വിനോദുമായുള്ള  - സോറി -അജീഷുമായുള്ള ഈ ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് കൂടി ആവുമ്പോള്‍ പ്രോജെക്ടിനു  ആവശ്യമായ 8 സാമ്പിള്‍  കോണ്‍വെര്‍സേഷനില്‍  7 എണ്ണവും റെടി... "

അജീഷ് എന്ന വിനോദ് ഞെട്ടി... താന്‍ ഏതോ  കോത്താഴത്തെ  ഭായിയുടെ ഫോണും സിമ്മും ആണ്  ഉപയോഗിച്ചത്... എന്നിട്ടും അവള്‍ തന്റെ ശെരിയായ പേരു പോലും കണ്ടു പിടിച്ചിരിക്കുന്നു ...!  താനിപ്പോള്‍ അവളുടെ മുന്നില്‍ ഒരു “ഫാള്സ്  കോളര്‍” ആണോ അതോ “ട്രൂ കോളര്‍” ആണോ...?!!.

“പേടിക്കണ്ടാട്ടോ.. ഞാന്‍  അജീഷിന്റെ വിനോദ് എന്നുള്ള  ശെരിക്കും പേര്  തീസിസ് സാമ്പിളില്‍ വെക്കില്ല. തന്നെയുമല്ല വിനോദുമായുള്ള ഈ ഫോണ്‍ കോണ്‍വെര്‍സേഷന്‍      "അനോണിമസ്  / അണ്‍സോളിസിറ്റഡ്    ഡീസന്ട് കോള്സ്" എന്ന കാറ്റഗരിയില്‍ ആണ് ഞാന്‍ ചേര്‍ക്കുക. വിനോദ് എന്നോട് ഇതുവരെ മാന്യമായി ആണല്ലോ സംസാരിച്ചത്... ഇതിനു മുന്‍പ് മറ്റൊരു ദിവസം എന്നെ വിളിച്ച ഒരാളും പഞ്ചാര ലക്ഷ്യത്തോടെയാണെങ്കിലും വിനോദിനേപ്പോലെ മാന്യമായി തന്നെ ആയിരുന്നു സംസാരിച്ചത്.. ബാക്കി ആറു ക്ണാപ്പന്മാരുടെത്  കൂതറ സാമ്പിള്സ്  ആയിട്ടായിരിക്കും  ചേര്‍ക്കുക... അഞ്ചെണ്ണം കിട്ടി.. ഇനി കൂതറ ഇനത്തില്‍ ഒരെണ്ണം കൂടി കിട്ടാനുണ്ട്...”

“ഉം.....” വിനോദ് രാവിലെ കഞ്ഞി കുടിക്കാത്ത മട്ടില്‍ പതിഞ്ഞ സ്വരത്തില്‍ നീട്ടി മൂളി.

“എന്റെ ഈ കത്തി ഒക്കെ കേട്ടിട്ട്  വിനോദിന് ബോറടിക്കുന്നുണ്ടോ..?"

“ഏയ്‌ ... ഇ ഇ ഇല്ലാ... നെവെര്‍... യു കാരി ഓണ്‍ അനിതാ..”

“വിനോദിന് ഇപ്പോള്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ താല്പര്യം ഉണ്ടോ..?”

“ഏയ് ഇല്ല... അല്ല... ഞാന്‍ ഉദ്ദേശിച്ചത് താല്പര്യം ഉണ്ട്.. പക്ഷെ ഇപ്പൊ വേണ്ട.. പിന്നീട്  ആവാം.....”

" ഉം ഉം.. ഐ സീ... ദാറ്റ്‌സ്‌ ഓകെ .. വിനോദിന്റെ വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പറും ഈ സമയത്തിനുള്ളില്‍ തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്... വിനോദിന്റെ മൊബൈല്‍ നമ്പര് മാറിയാലും ഞാന്‍ ഇടയ്ക്കു ലാന്‍ഡ്‌ ഫോണിലേക്ക് വിളിക്കാം..”

”പിന്നെ തോപ്പുംപടി വഴി എപ്പോഴെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ‍ ഞാന്‍ വരികയാണെങ്കില്‍ വിനോദിന്റെ വീട്ടിലും ഒരു ദിവസം വരാം.. “

“ഹും....”  വിനോദ്  മൂളി... ‘അവള്‍  തോപ്പുംപടിയും കണ്ടുപിടിച്ചു...’

‘എവിടെയോ  എന്തോ  സ്പെല്ലിംഗ്  മിസ്റ്റേയ്ക്ക്  ഉണ്ടല്ലോ...ഇതില്‍ എന്തോ  ഒരു  കളി നടക്കുന്നുണ്ട്..’

“പേടിക്കേണ്ട വിനോദ്... ഞാന്‍ വിളിച്ചിട്ടേ വരുള്ളൂ... സീ ഫുഡ്സ് ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം.. .ക്രാബ് ഫ്രൈ, പ്രോണ്‍ നൂഡില്സ്  എക്സെട്ര... പിന്നെ കരിമീന്‍ പൊള്ളിച്ചതും എന്റെ ഒരു വീക്നെസ്സ് ആണ് ട്ടോ.."

'അവളുടെ  ഒരു  ഒടുക്കത്തെ  PORN  NUDEEEEES…' വിനോദിനു ശരിക്കും  കലിപ്പ്  ഇളകി  തുടങ്ങിയിരുന്നു...

അജീഷ് എന്ന വിനോദ് ഫ്രിഡ്ജ് വെച്ചിരിക്കുന്ന സ്ഥലത്തേക്ക് അല്പം വേഗം നടന്നു. ഡോര്‍ തുറന്നു തണുത്ത വെള്ളം വെച്ചിരിക്കുന്ന ഒരു കുപ്പി എടുത്തു ശബ്ദം ഉണ്ടാക്കാതെ ഒന്നുരണ്ടു കവിള്‍ വെള്ളം ഇറക്കി. പിന്നെ മനസ്സില്‍   ധൈര്യവും വീറും ഉള്ളതായി ഭാവിച്ചു.

“അതിനെന്താ... അനിത എപ്പോ വേണെങ്കിലും വന്നോളൂ.. യു ആര്‍ ആള്‍വെയ്സ് വെല്കം...”

"വിനോദ് എന്നെ അനിത എന്ന് തന്നെ വിളിച്ചാല്‍ മതി ട്ടോ... വേണെങ്കില്‍ അനൂ എന്ന് വിളിച്ചോളൂ. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്ന ഈ മൊബൈല്‍ നമ്പര്‍ ഏതെങ്കിലും ആപ്പ് വഴിയോ മറ്റോ പരിശോധിച്ചാലൊന്നും തല്‍ക്കാലം എന്‍റെ ശെരിക്കും പേര് കിട്ടാന്‍ പോണില്ല.  മുന്പ്  ഒന്ന് ട്രൈ ചെയ്തു കാണും അല്ലെ...? വെറുതെ  ഇനിയും അതുപോലെ   സമയം കളയണ്ടാട്ടോ ബഡീ.."

“പിന്നെ ഇനി ആരെയെങ്കിലുമൊക്കെ വിളിക്കുമ്പോള്‍ അങ്ങേ തലക്കല്‍ നിന്നും ചോദിക്കുവാന്‍ സാധ്യതയുള്ള  പല വിധ ചോദ്യങ്ങള്ക്ക്  സംശയം ഉണ്ടാക്കാന്‍ ഇടയില്ലാത്തവിധം പെട്ടന്ന് ഉത്തരങ്ങള്‍  പറയാന്‍ റെഡി ആയിരിക്കണം ട്ടോ... അല്ലെങ്കില്‍ ഇതുപോലെ ഇനീം എട്ടിന്റെ പണി കിട്ടും.”

"എന്നോട് കലിപ്പ് ഇളകി വിനുവിന്റെ  മനസ്സില്‍ ഇപ്പോള്‍ വരുന്ന ------ ഡയലോഗ്സ് ഒക്കെ ഫോണിലൂടെ ഉറക്കെ പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് ബാക്കി കിട്ടാനുള്ള ഒരു കൂതറ സാമ്പിള്‍ കൂടി റെക്കോര്ഡ് ചെയ്തു കിട്ടിയേനെ...”

“വേണ്ട.. ഞാന്‍ കൂടുതല്‍ ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹവും അര്മാദിക്കലും ആകും...  എനി വേ,  നൈസ് ടോകിംഗ്ഗ് വിത്ത്‌ യു വിനു സൊ ഫാര്‍..  താങ്ക്സ് എ  ലോട്ട് ഫോര്‍ ഹെല്‍പിംഗ് മി വിത്ത്‌ മൈ റിസേര്ച് പ്രൊജക്റ്റ്‌ ... സീ യാ.. ബ ബൈ..."

അവള്‍ വര്ത്തമാനം നിറുത്തുന്നുവെന്നത് വിനോദിന് ആശ്വാസമേകി...

“ബൈ... സീ യു...” കുരു പൊട്ടി ഇരിക്കുകയാനെങ്കിലും വിനോദും ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു...

അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു...

വിനോദിന്  കയ്യിലിരിക്കുന്ന ഫോണില്‍ തെളിഞ്ഞു വന്ന മെസ്സേജ്  തന്നെ നോക്കി കൊഞ്ഞനം കാണിക്കുന്ന പോലെ തോന്നി...

"Call Ended.. Duration 15 minutes 33 seconds..   Call charges Rupees 15 and 33 paise.. Balance  Rs. 0.55 paise..

For Daily Love and Dating Tips dial #xxxx* Charges apply."

‘അവന്റെ അമ്മൂമ്മേടെ ഡേറ്റിംഗ് ടിപ്സ്.. ‘ ഫോണിന്‍റെ സ്ക്രീനിലേക്ക് നോക്കി വിനോദ് അലറി...

പുറത്തു ഒരു പള്സാര്‍ വന്നു ഹോണടിച്ചു...

നജീബ് ആണ്...

“വണ്ടി പോര്ച്ചി ല്‍ വെച്ചിട്ട് അകത്തോട്ടു കേറി വാടാ...” വിനോദ് നജീബിനെ വീടിനകത്തേക്ക് ക്ഷണിച്ചു.

അപ്പോഴേക്കും ഫ്രെഡി അവന്റെ  അളിയന്റെ വെന്ടോയുമായി എത്തി. അളിയനും പെങ്ങളും ഈസ്റ്റര്‍ ആയിട്ട് വീട്ടില്‍ വന്നതാണ്. രണ്ടു ദിവസം കഴിഞ്ഞേ പോകൂ. അതുവരെ കാറ് ഫ്രെഡിക്ക് സ്വന്തം. ആ കാറില്‍ ആണ് വിനോദും നജീബും ഫ്രെഡിയും മറൈന്‍ ഡ്രൈവിലേക്ക് പോകുന്നത്. അവിടെ സുമേഷും ഫൈസലും വരും. പിന്നെ മ്മടെ തൃശൂരു ഗെടീസും അവിടെ അധികം വൈകാതെ എത്തും. അവിടെ എല്ലാവരും മീറ്റ്‌ ചെയ്തു കുറച്ചു നേരം ഉപ്പു കാറ്റ് കൊണ്ടും കപ്പലണ്ടി കൊറിച്ചും അന്താരാഷ്‌ട്ര  പ്രശ്നങ്ങള്‍  ചര്‍ച്ച ചെയ്തും ഇരുന്ന ശേഷം പിന്നെ എല്ലാവരും കൂടെ നേരെ ഏതെങ്കിലും ഒരു  ക്ലാസ്സ്‌  റെസ്റ്റൊരാന്ടിലേക്ക് -  അതാണ്‌ ചാര്ട്ടേഡ് പ്രോഗ്രാം...

പുറത്തു പോകാനുള്ള വിധത്തില്‍ കാറ് തിരിച്ചിട്ടിട്ടു  ഫ്രെഡി അകത്തു കയറി വന്നു ചോദിച്ചു

“ഫ്രിഡ്ജില്‍ കോക്ക് ഉണ്ടോ മച്ചാനെ..?”

ജീന്സും ബോബ്  മാര്‍ലിയുടെ   പടം ഉള്ള ടീയും  ആയിരുന്നു ഫ്രെടിയുടെ അന്നത്തെ വേഷം. ചില ദിവസങ്ങളില്‍ ‘ചെ’ ആയിരിക്കും പടം. മാര്‍ലിയും ചെ ഗുവേരയുമൊക്കെ മരിച്ചിട്ടും മരിക്കാതെ ഫ്രെടിയുടെ ഷര്ട്ടുകളില്‍ ഇടക്കൊക്കെ തെളിഞ്ഞു കാണാം. ലാറ്റിന്‍ അമേരിക്കയില്‍ ജനിക്കാതെ പോയ ഒരു കൊച്ചിക്കാരന്‍ മച്ചാന്‍.. അതാണ്‌ ഫ്രെഡി.  ഗാബോയുടെയും  കാസ്ട്രോയുടെയും പടമൊന്നും ഇതുവരെ ഫ്രെടിയുടെ ഷര്ട്ടില്‍ കണ്ടിട്ടില്ല...

ഫ്രെടിയുടെ ടീ ഷര്ട്ടില്‍ എഴുതിയ ഇംഗ്ലീഷ് വാചകം  വിനോദിനു വല്ലാതെ സ്ട്രയിക്ക് ചെയ്തു..

'നോ വുമന്‍ ... നോ ക്രൈ...'



ലോകത്തില്‍ ഒരു സ്ത്രീയും കരയാന്‍ ഇടവരരുത്... അതാണ്‌ മാര്‍ലിയുടെ പാട്ടിലെ ആ വരികള്‍ കൊണ്ട് അര്ത്ഥമാക്കുന്നത് എന്ന് തോന്നുന്നു... എന്നാല്‍ ആ സന്ദര്ഭ്ത്തില്‍ അത് മറ്റൊരു അര്ത്ഥത്തില്‍ എടുക്കാന്‍ ആണ് വിനോദിന് തോന്നിയത്... 'സ്ത്രീകളുമായി ഇടപഴുകിയില്ലെങ്കില്‍ പുരുഷന്മാര്‍ ജീവിതത്തില്‍ ഒരിക്കലും കരയേണ്ടി വരില്ല' എന്ന്...

തനിക്കിട്ടു ഒരു കൊട്ടു കൊട്ടാന്‍ വേണ്ടി മാത്രം ഫ്രെഡി അത് മനപൂര്‍വ്വം  ഇന്നത്തെ ദിവസം സെലക്ട്‌ ചെയ്തതാണോ.. ?... ഏയ്‌ ... പെങ്കൊച്ചുമായി ഫോണില്‍ സംസാരിച്ചു പണി കിട്ടിയ കാര്യം ഒന്നും ഫ്രെഡി അറിഞ്ഞിട്ടില്ലല്ലോ...

ഫ്രെഡി ഇടയ്ക്കു വല്ലപ്പോഴും വീക്കെന്ട്സില്‍ ചില ഹോട്ടലുകളില്‍ പാടുകയോ ഡ്രംസ് വായിക്കുകയോ ചെയ്യാറുണ്ട്... ഇടയ്ക്കു “ബഫ്ഫലോ സോല്ജിയെഴ്സും”  “നോ വുമന്‍ ... നോ ക്രൈ” യുമൊക്കെ ഫ്രെഡി തന്നെ പാടി കേട്ടിട്ടുമുണ്ട്...

കാറില്‍ മറൈന്‍ ഡ്രൈവിലെക്കുള്ള യാത്രക്കിടയില്‍ ഫ്രെടിയുടെ ഫോണ്‍ റിംഗ് ചെയ്തു... ഡ്രൈവിങ്ങിലായിരുന്നതിനാല്‍ ഫോണ്‍ വിനോദിന് നല്കിക്കൊണ്ട് പറഞ്ഞു.. “എന്റെ് കസിന്‍ സിസ്റ്റര്‍ ആണ്... അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് പറയൂ... അത്യാവശ്യം ആണെങ്കില്‍ എന്താ കാര്യം എന്ന് ചോദിക്കൂ...”

വിനോദ് സ്ക്രീനില്‍ നോക്കി... “Cousin -1 ”... പിന്നെ ഫ്രെഡി പറഞ്ഞത് പോലെ പറഞ്ഞു... “ഫ്രെഡി ഡ്രൈവ് ചെയ്യുകയാണ്... അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു അങ്ങോട്ട്‌ വിളിക്കാം എന്ന് പറഞ്ഞു... അത്യാവശ്യം വല്ലതും ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞോളൂ.. ഞാന്‍ ഫ്രെടിയോടു പറയാം...”

“അതിനു ഫ്രെഡിയോടു പറയാനുള്ളത് വിനോദിനോട്‌ പറഞ്ഞാല്‍ എങ്ങനെ ശരിയാകും...?”

അങ്ങേ തലക്കല്‍ നിന്നും ചിരിയില്‍ പൊതിഞ്ഞ ഒരുമാതിരി  ആക്കുന്ന മറുപടി....

വിനോദ് വീണ്ടും കിടുങ്ങി... കുറച്ചു മുന്‍പേ ഫോണിലൂടെ സംസാരിച്ച അതേ സ്ത്രീ ശബ്ദം..

ഫ്രെടിയുടെ സ്വന്തം സഹോദരിയെ മുന്പ് കണ്ടിട്ടുമുണ്ട്, വര്ത്തമാനം പറഞ്ഞിട്ടുമുണ്ട്... പക്ഷെ ഈ കസിന്‍ സിസ്റ്റര്‍ അവതാരത്തിനെപ്പറ്റി ഒരു ഐഡിയയും ഇല്ല...
എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വിനോദ് അത്ഭുതത്തോടെ ഫ്രെടിയെ നോക്കി..

അതാ ഫ്രെഡിയുടെ മുഖത്തും ഒരു കള്ള കൊലച്ചിരി...  ഫ്രെഡി വിനോദിനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു... മനുഷ്യനെ ഒരുമാതിരി ആസ്സാക്കുന്ന അവന്റെ ഒടുക്കത്തെ ഒരു  വിങ്ക്...

“എല്ലാം ഞങ്ങള്‍ ഒക്കെ കൂടി ചേര്ന്നു് പ്ലാന്‍ ചെയ്ത ഒരു ചെറിയ നമ്പര്‍ ആണ് മച്ചാനെ... നീ ക്ഷമി...”  വിനോദിന്റെ ആകാംക്ഷ മനസ്സിലാക്കി അധികം ടെന്ഷന്‍ അടിപ്പിക്കാതെ ഫ്രെഡി കാര്യം പറഞ്ഞു... പിന്നെ വിനോദിന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി പറഞ്ഞു...”അനീറ്റാ, സീ യു ദെയര്‍... ഐ വില്‍ എക്സ്പ്ലയിന്‍ ദ ഹോള്‍ സ്റ്റോറി ടു ഹിം..”

ഫ്രെഡി ഫോണ്‍ കട്ട്‌ ചെയ്തു...

“ഇനി മുതല്‍ വഴിയില്‍ വീണു കിടക്കുന്ന കടലാസില്‍ എഴുതിയ മൊബൈല്‍ നമ്പരിലേക്കും മറ്റും വിളിച്ചു കാശ് കളയരുത് ട്ടോ... ചിലപ്പോള്‍ കൂട്ടുകാര്‍ ആരെങ്കിലും തന്നെ ഒരു  പണി തരാന്‍  വേണ്ടി സ്ഥിരം നടക്കുന്ന വഴിയെ കറക്റ്റ് ടൈമിങ്ങില്‍ അങ്ങനെ ഒരു കടലാസ് തുണ്ട് എഴുതി മുന്നില്‍ ഇട്ടെന്നും വരാം.. ”

ഫ്രെഡി ചിരിച്ചു കൊണ്ട് പറഞ്ഞു...

“പിന്നെ ഞാന്‍ എഴുതിയിട്ടിരുന്ന നമ്പര്‍ എന്റെ ഗ്രാന്ഡ് മദറിന്റെതായിരുന്നു... അവര്‍ ഇപ്പോള്‍ കുറെ വര്ഷ‍ങ്ങളായി ഫോണ്‍ ഉപയോഗിക്കാറില്ല... അവരുടെയും അവരുടെ ഗ്രാന്ഡ് ഡോട്ടര്‍ ആയ (എന്റെ  ആന്റിയുടെ മകള്‍ )  നീ സംസാരിച്ച എന്റെ  കസിന്റെയും പേര് ഒന്ന് തന്നെ ആണ്... “അനീറ്റ” എന്ന്...”

“അവളും ഞാനുമൊക്കെ ഇടയ്ക്കു വല്ലപ്പോഴും ഗ്രാന്മായുടെ ഫോണ്‍ അല്ലെങ്കില്‍ സിം ഉപയോഗിക്കും.. അങ്ങനെയിരിക്കെ ആണ് ഒരു ദിവസം നിന്നെ ഒന്ന് പറ്റിക്കാന്‍ ശ്രമിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചത്... അനീറ്റയോടും നജീബിനോടുമൊക്കെ ഇക്കാര്യം ഡിസ്ക്കസ് ചെയ്തു... അനീറ്റക്ക് ഞാന്‍ നിന്നെപ്പറ്റി നല്ലൊരു സ്റ്റഡി ക്ലാസ്സും കൊടുത്തു.. നിന്റെ കാള്‍ വരുകയാണെങ്കില്‍ അവള്‍ കൈകാര്യം ചെയ്യാന്‍ ശ്രേമിക്കാമെന്നും എറ്റു.. “അനിത” എന്ന് അവള്‍ പേര് പറഞ്ഞതു മാത്രമേ ഏകദേശം സത്യം ആയിട്ടുള്ളൂ... ബാക്കി ഒക്കെ വെല്‍ പ്രിപയെര്ട് പുളൂസ് ആയിരുന്നു...ഷീ ഈസ്‌ ആക്ച്വലി ഡൂയിംഗ് ഹേര്‍ എംസിയേ, നോട്ട് സൈക്കോളജി ..

“നീ ട്രൂ കോളര്‍ വെച്ച് നമ്പര്‍ ട്രൈ ചെയ്തു നോക്കിയിരുന്നോ..?” ഫ്രെഡി വിനോദിനോട്‌ ചോദിച്ചു...

“ഹ്മം...  ഒരു  പ്രാവശ്യം  ട്രൈ  ചെയ്തു... കിട്ടിയില്ല...ആദ്യം സംസാരിച്ചതിന് ശേഷം പിന്നെ ആവശ്യമുണ്ടെങ്കില്‍ മാത്രം കൂടുതല്‍ കലാപരിപടികളിലേക്ക് തിരിയാം എന്നാണ് കരുതിയിരുന്നത്.. ”

“അഥവാ നോക്കി കിട്ടിയിരുന്നെങ്കിലും ഇംഗ്ലീഷില്‍ ‘Aneeta’ അല്ലെങ്കില്‍  'Anita' എന്നോ മറ്റോ  നിനക്ക് വിശ്വാസം വരുന്ന റിസള്ട്ട് ‌ തന്നെ ലഭിക്കുമായിരുന്നു. അനീറ്റ എന്നത്  “അനിത’ എന്ന് അവള്‍ നിന്റെ അടുത്ത് ഒന്ന് മലയാളീകരിച്ചു പറഞ്ഞു എന്ന് മാത്രം... “ ഫ്രെഡി തുടര്ന്നു .

കാര്യങ്ങളെക്കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടിയ വിനോദിന്റെ മുഖത്ത് ചിരി പടര്ന്നു ....

അപ്പോഴേക്കും അവര്‍ മറൈന്‍ ഡ്രൈവില്‍ എത്തി... കാര്‍ പാര്ക്ക്  ചെയ്തു...

“വരൂ, നമുക്ക് മഴവില്‍ പാലത്തിന്റെ അടുത്ത് പോകാം..” ഫ്രെഡി പറഞ്ഞു...

അവര്‍ കപ്പലണ്ടിയും വാങ്ങി കൊറിചോന്ടു പതുക്കെ നടന്നു...

അല്പം അകലെ മഴവില്‍ പാലത്തില്‍ നിന്നും തൃശ്ശൂര്‍ ഗടീസ് കൈ ഉയര്ത്തി  കാണിക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു ..

എല്ലാവരും പരസ്പരം കൈ കൊടുത്തു.. “ഇന്ന് മിക്കവാറും ഞങ്ങളുടെ കാര്‍ ചിലപ്പോള്‍ ക്യാമറ കണ്ണുകളില്‍ പെട്ടിട്ടുണ്ടാവും...” തൃശ്ശൂര് നിന്നുള്ള യാത്ര വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ രമേശ്‌ പറഞ്ഞു... “ഒന്ന് രണ്ടു സ്ഥലത്ത് നീണ്ട ബ്ലോക്ക്‌ കിട്ടിയതിനാല്‍ പിന്നെ വണ്ടി പറപ്പിക്കുകയായിരുന്നു...”

“ഫൈസലിനെയും സുമെഷിനെയും ഇതുവരെ കണ്ടില്ലല്ലോ...” വിനോദ് ചുറ്റും തിരിഞ്ഞു നോക്കി..

“ഓ ആ വദൂരികള്‍ ഇവിടെ എവിടെങ്ങിലും വായി നോക്കി നടക്കുന്നുണ്ടാവും.... “  നജീബിന്റെ കമെന്റ്..

ഫ്രെഡി ഫൈസലിനു ഒരു മിസ്സ്ട് കോള്‍ വിട്ടു... പിന്നെ ആര്ക്കോ  വിളിച്ചു പറഞ്ഞു “വീ ആര്‍ നൌ ഓണ്‍ ദ റയിന്ബോ ബ്രിഡ്ജ്....”

കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് ജീന്സും  ടീയുമിട്ട രണ്ടു പെണ്കു ട്ടികള്‍ വന്നു... ഫ്രെഡി അവരെ കൂട്ടുകാര്ക്കു പരിചയപ്പെടുത്തി...

“ദിസ്‌ ഈസ്‌ അനീറ്റ മൈ കസിന്‍, ആന്ഡ്.‌ ദാറ്റ്‌സ്‌ ഹേര്‍ ഫ്രണ്ട് ലിറ്റി..”

“ആന്ഡ്  ദിസ്‌ ഈസ്‌ വിനോദ്“.."

“ഹായ് വിനു നയിസ് ടു മീറ്റ്‌ യൂ..... “ നിറഞ്ഞ പുഞ്ചിരിയോടെ അനീറ്റ വിനോദിന്റെ നേരെ കൈ നീട്ടി...

പകച്ചു പോയ വിനോദും തന്റെ കൈകള്‍ ഒരുവിധം അങ്ങോട്ട്‌ നീട്ടി... പെട്ടന്ന് അങ്ങനെയൊരു കൂടിക്കാഴ്ചയും വിനോദ് പ്രതീക്ഷിച്ചിരുന്നില്ലല്ലോ... “സെയിം ടു യൂ അനീറ്റ” എന്ന് ഒരുവിധം പറഞ്ഞു
ഷേക്ക്‌ ഹാന്ഡ് ചെയ്തപ്പോള്‍ തന്റെ കൈകള്ക്ക് അല്പം തളര്ച്ച അനുഭവപ്പെട്ടോ എന്ന് വിനോദിനൊരു സംശയം...
എല്ലാവരുമായും അനീറ്റയും ലിറ്റിയും ഷേക്ക്‌ ഹാന്‍ഡ്‌  കൊടുത്തു പരിചയപ്പെടുമ്പോള്‍ ഫ്രെഡിയുടെ ക്യാമറ  ഫോണ്‍ പല തവണ മിന്നി...

പടിഞ്ഞാറ് കായലും കടലും കടന്നു സൂര്യന്‍ ചക്രവാളത്തെ ചുമപ്പിച്ചു കൊണ്ട് താഴേക്ക്‌ പോകുവാന്‍ തെയ്യാരെടുക്കുന്നതും എല്ലാവരും  അവരുടെ ഫോണുകള്‍ വഴി ഒപ്പിയെടുത്തു... സ്ഥിരം  കാഴ്ചയാണ്  എങ്കിലും  ഫ്രെടിക്ക്  ചുവന്ന സൂര്യന്‍ എന്നും ഒരു  വീക്നെസ് ആണ്... ആള്  ഫ്രീക്കന്‍  ആണെങ്കിലും മനസ്സില്‍  സോഷ്യലിസവും ഒത്തിരി നന്മകളും ഉള്ള ഒരു യഥാര്ത്ഥ ചുവപ്പന്‍  ആണ്.. രാവിലെ എണീട്ടാല്‍  ആദ്യം ‘ചെ’യുടെ ഫോട്ടോയിലേക്ക്‌  നോക്കിയിട്ടേ  പിന്നെ കര്ത്താവിന്റെ രൂപത്തിലേക്ക്  പോലും നോക്കൂ..

പിന്നെ എല്ലാവരും പതുക്കെ നടന്നു.... തൊട്ടടുത്തുള്ള താജ് റെസിഡെന്സിയിലേക്ക്...

ഒരുമിച്ചു നടന്നു ഹോട്ടല്‍ എത്തിയപ്പോള്‍ അനീറ്റ വിനോദിനോട് പറഞ്ഞു “എനിക്ക് സീ ഫുഡ്സ് ആണു ട്ടോ ഇഷ്ടം...” പിന്നെ വീണ്ടും ആ പഴയ കുസ്രിതി ചിരി...

വിനോദും ചിരിച്ചു പോയി... ആ ചിരിയില്‍ ഫ്രെടിയും നജീബും സുമേഷും ലിറ്റിയുമൊക്കെ പങ്കു ചേര്ന്നു ...

റിസപ്ഷനിസ്റ്റ് അവര്ക്കായി വാതില്‍ തുറന്നു കൊടുത്തപ്പോള്‍ അകത്തു നിന്നും നേരിയ ശബ്ദത്തില്‍ “വെല്ക്കം  ടു ദ ഹോട്ടല്‍ കാലിഫോര്ണിയ.. സച്ച് എ ലവ്‌ലി പ്ലേസ്  “ എന്ന പാട്ട് ഒഴുകിവരുന്നുണ്ടായിരുന്നു...

"HOTEL CALIFORNIA" -  By Eagles..




വിനോദ് മനസ്സില്‍ പറഞ്ഞു  ... “ഭാഗ്യം.. മാര്‍ലീടെ ‘നോ വുമണ്‍ നോ ക്രയ്’ എന്ന പാട്ട് അല്ലല്ലോ.. ഇനി  അതിന്റെ   ഒരു കുറവു കൂടിയേ  ഉണ്ടായിരുന്നുള്ളൂ.....”


                                                                                   

                 ***      'സൈബര്‍ തീസിസ്”    ***   By  അനില്‍ രാജ്   അന്നമനട

                                                         

                                                                        (ഷോര്‍ട്ട്  ഫിലിം  സ്ക്രിപ്റ്റ് )


        (   Or  "കൊച്ചിന്‍ ബഡീസ്  & തൃശൂര്‍  ഗെഡീസ്  "  )
                                               -   ‘CYBER THESIS’ –

                         ( or Cochin Buddies 'n' Thrishur Geddees'.    CBTG )

A Short Film script   – By Anil Raj Annamanada

Story written during March/April 2014, but published only on April 1 - 2015, through Facebook.

Permission hereby granted by me – Anil Raj, the story writer -  to any one who wish to fiddle with this stuff in any descent way to make it a short film, say of a 30-Minutes Duration.

Dedicated to 'Cochin Buddies 'n' Thrishur Geddees'.    CBTG

Thank you.


    "NO  WOMAN NO CRY "   - Song by Bob Marley

                                                                                                                                                                                                                                             ******

No comments:

Post a Comment

Please write your sincere comments, suggestions, criticism etc..